ലോകക്കപ്പ് ; ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കുന്നു

ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയം ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാന്‍ തീരുമാനം. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുക. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്സണല്‍ റിക്രൂട്ട്മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. അതേസമയം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. സന്ദര്‍ശക വിസ ദുരുപയോഗം ചെയ്ത്, തൊഴില്‍ അന്വേഷിച്ചും മറ്റും വ്യാപകമായി ആളുകള്‍ എത്തുന്നതും ഇവരില്‍ പലരും രാജ്യത്ത് കുടുങ്ങുന്നതുമായ സംഭവങ്ങള്‍ കണക്കിലെടുത്ത് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍, വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. ബഹ്‌റൈനില്‍ ജോലി ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വന്‍തുക ഈടാക്കിയ ശേഷം സന്ദര്‍ശക വിസയില്‍ എത്തിച്ചവരും തിരിച്ച് പോകേണ്ടി വന്നവരുടെ ഈ കൂട്ടത്തിലുണ്ട്.