കോണ്‍ഗ്രസ് പരാജയത്തിന് കാരണം വാസ്തു ദോഷം; കണ്ടെത്തല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടേത്
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കഴിഞ്ഞ 14 വര്‍ഷത്തിനിടയ്ക്കുള്ള തോല്‍വിയുടെ കാരണം വാസ്തു ദോഷമായിരുന്നെന്ന കണ്ടുപിടുത്തവുമായി കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് യൂണിറ്റ്. പാര്‍ട്ടിക്ക് ജനപിന്തുണ ഇല്ലാത്തതല്ല പരാജയത്തിന്റെ കാരണമെന്നും മറിച്ച് വാസ്തുദോഷമാണെന്നുമാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയുടെ കണ്ടെത്തല്‍.
ഭോപ്പാലിലെ പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്‌സിന്റെ മൂന്നാമത്തെ നിലയില്‍ പണികഴിപ്പിച്ച ടോയ്‌ലറ്റുകളെല്ലാം തെറ്റായ സ്ഥാനത്തായിരുന്നെന്ന് വാസ്തു വിദഗ്ധന്‍ കണ്ടെത്തിയതായും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്തതായും കെ.കെ മിശ്ര പറഞ്ഞു.
ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികള്‍ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ല്‍ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധര്‍ തങ്ങളോട് പറഞ്ഞതെന്നും മിശ്ര എന്‍.ടി.ഡി.വിയോട് പ്രതികരിച്ചു.
ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഈശ്വരന്റെ ഇടപെടലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമെന്നാണ് ഉറച്ചവിശ്വാസം. വിശ്രമമുറി വാസ്തുശാസ്ത്രത്തിനനുസൃതമായി പുനരുദ്ധാരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.