വിദേശയാത്ര റദ്ദാക്കണമെന്ന് മഞ്ജുവാര്യരോട് പൊലീസ്: വീണ്ടും മൊഴിയെടുത്തേയ്ക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന് പോലീസ്. മഞ്ജുവില്‍നിന്ന് അടുത്തദിവസം തന്നെ മൊഴിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചത് എന്നാണ് വിവരം
ദിലീപിന്റെ കാര്യത്തില്‍ മഞ്ജുവില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ കൂടി ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനത്തില്‍ അവരെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
അടുത്തയാഴ്ച ചിക്കാഗോയിലും ന്യൂയോര്‍ക്കിലും നടക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാന്‍ മഞ്ജു തീരുമാനിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശ പ്രകാരം രണ്ട് പരിപാടികളും മഞ്ജു ഒഴിവാക്കിയതായാണ് സൂചന. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിക്കാഗോയിലെയും ന്യൂയോര്‍ക്കിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങളും പറയുന്നു.
അതേസമയം പൊലീസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള യാത്ര വിലക്ക് ഇല്ലെന്നും കേസിലെ സാക്ഷിയെന്ന നിലയില്‍ ഒരു വിവരങ്ങളും അന്വേഷണസംഘം മഞ്ജുവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. നേരത്തെ എ.ഡി.ജി.പി ബി. സന്ധ്യ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തി മഞ്ജുവിന്റെ മൊഴിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.