എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ എല്ലാവര്‍ക്കും 20 വര്‍ഷം കഠിന തടവ്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചത്.
ബലാല്‍ത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. നേരത്തെ കേസിലെ ആറ് പ്രതികള്‍ക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതികളുടെ പ്രായം കണക്കാക്കിയാണ് 20 വര്‍ഷത്തെ കഠിന തടവ് കോടതി വിധിച്ചത്.
ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ശിക്ഷയും കൂടി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പ്രതികള്‍ പിഴതുക അടച്ചില്ലേല്‍, ഒരു വര്‍ഷം കൂടി ജയില്‍ വാസം അനുഭവിക്കണം. പ്രതികളുടെ റിമാന്‍ഡ് കാലാവധി കുറിച്ചുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പള്‍സര്‍ സുനി ഏഴുവര്‍ഷവും മാര്‍ട്ടിന്‍ ആന്റണി ഏഴ് വര്‍ഷവും മണികണ്ഠന്‍ മൂന്നര വര്‍ഷം, വിജീഷ് വി പി മൂന്നര വര്‍ഷം, വടിവാള്‍ സലിം രണ്ടുവര്‍ഷം, പ്രദീപ് രണ്ടുവര്‍ഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികള്‍ക്ക് പറയാനുളളത് കോടതി ആദ്യം കേള്‍ട്ടിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആയിരുന്നു ആറു പ്രതികള്‍ക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്‌നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രമാണെന്നും സംരക്ഷണത്തിന് താന്‍ മാത്രമേ ഉള്ളൂവെന്നും അതിനാല്‍ ശിക്ഷാ ഇളവ് വേണമെന്നും നേരത്തെ പള്‍സര്‍ സുനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിക്കൂട്ടില്‍ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലിലിട്ടെന്ന് പറഞ്ഞാണ് മാര്‍ട്ടിന്‍ കരഞ്ഞത്. രോഗികളായ മാതാപിതാക്കളുണ്ടെന്നും താന്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു. ശിക്ഷ കുറച്ചാല്‍ പോരെന്നും ജയില്‍ മോചിതനാക്കണമെന്നും മാര്‍ട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.
ഗൂഢാലോചനയില്‍ പങ്കില്ലെന്ന് മൂന്നാം പ്രതി മണികണ്ഠന്‍ പറഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും തലശ്ശേരിയിലാണ് നാടെന്നും കണ്ണൂര്‍ ജയിലില്‍ ഇടണമെന്നും നാലാം പ്രതി വിജീഷ് ആവശ്യപ്പെട്ടു. ചെറിയ പ്രായത്തിലുള്ള ഒരു മകളുണ്ടെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഞ്ചാം പ്രതി എച്ച്.സലീം ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൃത്യത്തിലെ പങ്കാളിത്തിന്റെ അളവ് നോക്കാതെ എല്ലാവര്‍ക്കും ഓരേ ശിക്ഷ നല്‍കണം. ആദ്യ പ്രതിക്കും അവസാന പ്രതിക്കും പരമാവധി ശിക്ഷ നല്‍കണം. പ്രധാന കുറ്റം ചെയ്തത് ആദ്യ പ്രതി ആണെങ്കിലും കുറ്റകൃത്യത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. കൃത്യത്തിലേക്ക് നയിച്ചതും ചെയ്യാന്‍ സഹായം കൊടുത്തതും മറ്റ് പ്രതികളാണ്. അതിനാല്‍ അവരും തുല്യ കുറ്റക്കാരാണ്. 20 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ നല്‍കണമെന്നും പ്രോസികൃൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
നടന്‍ ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ പത്തു പേരായിരുന്നു വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് വിചാരണ കോടതി നടനെ വെറുതെ വിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു നടന്‍ ദിലീപ്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പള്‍സര്‍ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. 2018 മാര്‍ച്ച് എട്ടിനാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. നീണ്ട എട്ടുവര്‍ഷം കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.









