പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യ; ഗുജറാത്തില്‍ 25000 പേരെ മാറ്റി പാര്‍പ്പിച്ചു
മഴ ശക്തമായതോടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗുജറാത്തിലും രാജസ്ഥാനിലും അടുത്ത നാലുദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. ഗുജറാത്തിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിജയ് രൂപാനി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നേരിട്ട് പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മോദി എത്തുന്നത്.
പ്രളയത്തില്‍ രാജസ്ഥാനില്‍ രണ്ടു പേര് മരിച്ചു. ജോദ്പൂര്‍, സിരോഹി, ജലോര്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണസേന, വ്യോമസേന, ബി.എസ്.എഫ്, പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്കാന്ത, സബര്‍കാന്ത, ആനന്ദ്, പഠാന് വല്‍സാദ് ജില്ലയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രളയക്കെടുതിയിലാണ്. സബര്‍മതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്കാന്ത ജില്ലയില്‍ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.
നാസിക്കില്‍ കനത്ത മഴയെ തുടര്‍ന്ന് ഗോദാവരി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്. അസമില്‍ മഴയ്ക്ക് കുറവു വന്നിട്ടുണ്ട്.