പത്താന്‍’ പ്രദര്‍ശനം തടയില്ലെന്ന് ഹിന്ദു സംഘടനകള്‍

പത്താന്‍ സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലപാടില്‍ മാറ്റം വരുത്തി ഹിന്ദു സംഘടനകള്‍. സിനിമയുടെ പ്രദര്‍ശനം ഗുജറാത്തില്‍ തടയില്ലെന്ന് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ബോളിവുഡിലെ രാജാവിന്റെ തിരിച്ചുവരവ് ചിത്രമെന്ന് പറയപ്പെടുന്ന ‘പത്താന്‍’ ബുധനാഴ്ച തിയേറ്ററുകളില്‍ എത്തും. ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ദീപിക ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തില്‍ ‘കാവി’ നിറമുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചു.

മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിമര്‍ശനം. പാട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ‘പത്താനെ’ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹിന്ദു സംഘടനകള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.പ്രതിഷേധത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ഗുജറാത്തില്‍ ഇനി സിനിമയെ എതിര്‍ക്കില്ല. അശോക് റാവലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. ‘പത്താന്‍’ സിനിമയില്‍ മാറ്റങ്ങള്‍ വരുത്തിയ സെന്‍സര്‍ ബോര്‍ഡിനെ അഭിനന്ദിക്കുന്നു. ചിത്രത്തിലെ അശ്ലീല വരികളും അശ്ലീല വാക്കുകളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തു. ഇനി സിനിമ കാണണോ വേണ്ടയോ എന്നത് പൊതുജനം തീരുമാനിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ സിനിമകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നിര്‍ത്തണം എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് എതിര്‍പ്പുകള്‍ കുറെയൊക്കെ ഇല്ലാതായിരുന്നു.