കാവി പുതച്ചു വെള്ളായണി ക്ഷേത്ര പരിസരം ; ഉത്സവത്തിന്റെ നിറം കെടുത്തി സംഘപരിവാര്‍ രാഷ്ട്രീയ ഗൂഢാലോചന

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രശസ്തമായ വെള്ളായണി ക്ഷേത്രത്തിലെ ഉത്സവത്തിനു നിറം കെടുത്തി രാഷ്ട്രീയ വിവാദം. സംഘപരിവാര്‍ ഉത്സവം കയ്യടക്കാന്‍ നോക്കുന്നത് ആണ് ഇത്തവണ ഉത്സവത്തിന്റെ ശോഭ കെടുത്തിയിരിക്കുന്നത്. പതിവിനു വിപരീതമായി കാവി പുതച്ചാണ് വെള്ളായണി ക്ഷേത്ര പരിസരം ഇപ്പോള്‍ ഉത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. ക്ഷേത്ര കമ്മറ്റിയില്‍ മുന്‍തൂക്കമുള്ള സംഘപരിവാര്‍ മനഃപ്പൂര്‍വം അലങ്കാരത്തില്‍ കാവി തിരുകി കയറ്റുകയായിരുന്നു എന്ന് മറ്റു ക്ഷേത്ര ഭാരവാഹികള്‍ തന്നെ പറയുന്നു. അതിന്റെ പേരില്‍ തര്‍ക്കം തുടരുന്നതിന്റെ ഇടയിലാണ് ഇന്ന് ക്ഷേത്രത്തില്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളില്‍ ഒരു വിഭാഗവും പോലീസും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്.

പോലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രം ഭാരവാഹികള്‍ പൊളിച്ചുമാറ്റി.എയ്ഡ് പോസ്റ്റിന് കാവി അലങ്കാരം നല്‍കിയതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഇത് ഉപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. കാളിയൂട്ട് മഹോത്സവത്തോട് അനുന്ധിച്ചുള്ള ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലര്‍ത്തുന്നതരത്തില്‍ അലങ്കാരങ്ങള്‍ വേണമെന്നും കാട്ടി പോലീസ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു. എന്നാല്‍ കാവി കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വ നീക്കമാണ് നടക്കുന്നതെന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും ആരോപണം. സ്ഥലത്ത് രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയതെന്ന് പോലീസും വിശദീകരിക്കുന്നു. ഹിന്ദു ആചാരങ്ങള്‍ തകര്‍ക്കാനുളള ബോധപൂര്‍വ്വ ശ്രമമാണിതെന്ന് ബി ജെ പി അറിയിച്ചു. അതേസമയം വിശ്വാസത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന വിമര്‍ശനവുമായി സിപിഎമ്മും രംഗത്തെത്തി.