ബോയ്കോട്ട് പത്താനെ മുക്കി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’

പത്താന്‍ സിനിമയെ എങ്ങനെയും ആക്രമിച്ചു ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടു വരുന്ന ബോയ്കോട്ട് പത്താന്‍ ഹാഷ് ടാഗിനെ മുക്കി ട്രെന്‍ഡിങ് ആയി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’. ഡല്‍ഹിയില്‍ പുതുവത്സര രാവില്‍ വണ്ടിക്കടിയില്‍ പെട്ട് ക്രൂരമായ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായവുമായി ബോളിവുഡ് താരം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’ ട്രെന്‍ഡായത്. ഷാരൂഖ് തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന പഴയ അഭിമുഖത്തിന്റെ വീഡിയോയും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ഈ വീഡിയോയില്‍ ഷാരൂഖ് പറയുന്നത് ഇങ്ങനെയാണ്- ”എനിക്ക് വലിയ അജണ്ടകളൊന്നുമില്ല. എനിക്ക് ഒരു ലളിതമായ അജണ്ടയുണ്ട്. ആളുകളെ സഹായിക്കണം. പ്രത്യേകിച്ച് അതിനൊരു കാരണം ആവശ്യമില്ല, അത് നടക്കണം. അതാണ് ഞാന്‍ ചെയ്യുന്നുത്. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല’.

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ ജീവകാരുണ്യ സംഘടനയായ മീര്‍ ഫൗണ്ടേഷന്‍ ദില്ലിയില്‍ അപകടത്തില്‍ മരിച്ച അഞ്ജലി സിംഗിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ അഞ്ജലി സിംഗിന്റെ കുടുംബത്തിന് വെളിപ്പെടുത്താത്ത തുക സഹായം നല്‍കി.ദില്ലിയിലെ കാഞ്ജവാലയില്‍ നടന്ന ക്രൂരമായ അപകടത്തിലാണ് അഞ്ജലി എന്ന 20 കാരിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. മീര്‍ ഫൗണ്ടേഷന്റെ സഹായം അഞ്ജലിയുടെ സഹോദരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതോടൊപ്പം അമ്മയുടെ ചികില്‍സയ്ക്കും ഉപയോഗിക്കും – മീര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണ നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ചാരിറ്റി സംഘടനയാണ് ഷാരൂഖിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മീര്‍ ഫൗണ്ടേഷന്‍. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 20 കാരിയായ യുവതിയെ കാര്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു. അഞ്ജലിക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിന്‍ നിസാര പരിക്കുകളോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അതേസമയം ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ ഈ മാസം 25 റിലീസ് ചെയ്യുകയാണ്.നീണ്ട നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഒരു ഷാരുഖ് ഖാന്‍ ചിത്രം റിലീസ് ആകുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് തടയുമെന്ന ഭീഷണി മുഴക്കിയിരിക്കുയാണ് സംഘപരിവാര്‍ സംഘടനകള്‍. അതേസമയം ഇതിനെയൊക്കെ എതിര്‍ക്കാന്‍ തന്നെയാണ് ഫാന്‍സുകളുടെ തീരുമാനം.