കോതമംഗലത്ത് സംഘര്‍ഷാവസ്ഥ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

കോതമംഗലം: അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടര്‍നടപടകള്‍ക്ക് അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. നേരത്തേ, പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലും സംഘര്‍ഷാവസ്ഥയുണ്ടായി.

ഇടുക്കിയിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി പരിഹാരം കാണാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് അനുവദിക്കില്ല -ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അടിമാലി കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (65) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴായിരുന്നു ആക്രമണം. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.