അമ്മയുണ്ട്, ഭാര്യയുണ്ട്, പഠിക്കണം, കുടുംബം നോക്കണം; ടിപി കൊലക്കേസില്‍ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികള്‍

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎല്‍എയുമായ കെകെ രമ വിധി കേള്‍ക്കാന്‍ കോടതിയില്‍ നേരിട്ട് എത്തി.
താന്‍ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും അയാള്‍ ആവശ്യപ്പെട്ടു.

നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.
കേസില്‍ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയില്‍ ഹാജരാകാതിരുന്നത്. ഇയാളെ ഓണ്‍ലൈനായി ഹാജരാക്കി. നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടില്‍ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജന്‍ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയില്‍ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാള്‍ പറഞ്ഞു. ടിപി കേസിന്റെ ഭാഗമായി തടവില്‍ കഴിയവേ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയില്‍ പറഞ്ഞത്.

ശിക്ഷാ കാലയളവില്‍ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും പറഞ്ഞു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രന്‍ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മര്‍ദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്ത് വെച്ചോ പരോളില്‍ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും കെകെ കൃഷ്ണന്‍ പറഞ്ഞു. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയില്‍ കൃഷ്ണന്‍ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്ട്രീയ ബന്ധവും തനിക്കില്ലെന്നും ടാക്സി ഡ്രൈവര്‍ മാത്രമാണെന്നും അയാള്‍ കോടതിയില്‍ അറിയിച്ചു.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിന് മുന്‍പ് വാദം കേള്‍ക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ നല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 നു തന്നെ പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.