ദിലീപിനു പിന്നാലെ പ്രമുഖരും കുടുങ്ങും; 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെയ്‌ക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

ഒരു വ്യക്തി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശം വെയ്ക്കാന്‍ പാടില്ലെന്നാണ് ഭൂപരിഷ്‌ക്കരണ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമത്തെ കാറ്റില്‍പ്പറത്തി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നവര്‍കേരളത്തില്‍ ഇപ്പോഴും ഒരുപാടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കന്‍ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്.

ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കു റവന്യു വകുപ്പ് നല്‍കി. നടന്‍ ദിലീപിന്റെ കൈവശമുള്ള അധിക ഭൂമി പരിശോധിച്ച സാഹചര്യത്തിലാണ് ഒട്ടേറെ പേര്‍ നിയമവിരുദ്ധമായി 15 ഏക്കറിലേറെ കൈവശം വച്ചിട്ടുണ്ടെന്നു കണ്ടെത്തല്‍ പുറത്തേയ്ക്ക് വരുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണുതാനും.

റജിസ്‌ട്രേഷന്‍, റവന്യു വകുപ്പുകള്‍ സഹകരിച്ചാല്‍ മാത്രമേ ഇതു കണ്ടെത്താനാകൂവെന്നു ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിനോട് അറിയിച്ചിട്ടുണ്ട്. റജിസ്‌ട്രേഷന്‍ രേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ചു വിശദമായി പഠിക്കേണ്ടിയും വരും. അന്വേഷണത്തിനായി പ്രത്യേക സംഘത്തിനു രൂപം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കു റവന്യു വകുപ്പ് അധികാരം നല്‍കി.

.ഇടതും വലതും പറഞ്ഞു വഞ്ചിച്ച ആദിവാസികള്‍ ഒരുപിടി മണ്ണിനായി നില്‍പ്പുസമരപോലെ ജീവന്‍ മരണപേരാട്ടങ്ങള്‍ നയിക്കുമ്പോഴാണ് ഈ നിലപാട്. കൊച്ചിയില്‍ പൊതുവഴി വിട്ടു കൊടുത്തു ലുലു മാളും, കോഴിക്കോട് സര്‍ക്കാര്‍ ഭൂമി തന്നെ കൈമാറി ലുലുമാളിനായി മന്ത്രിസഭ തന്നെ ആക്കം കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഏക ഒളിമ്പിക് മെഡല്‍ ജേതാവിന്റെ കിടപ്പാടത്തിന് വേണ്ടിയുള്ള ഓട്ടം തടസ്സങ്ങളില്‍പ്പെട്ട് നീങ്ങുകയാണ്.

ഈ അവസരത്തില്‍ തന്നെയാണ് ഏറ്റവും വലിയ സമ്പന്നന് മുമ്പില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ റിസോര്‍ട്ടുകളും മതസ്ഥാപനങ്ങളും ഭൂപരിധി ചട്ടങ്ങള്‍ ലംഘിച്ചു സ്ഥലം കൈവശം വച്ചിട്ടുണ്ടെന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. അതേസമയം ഭര്‍ത്താവ്, ഭാര്യ, വിവാഹിതരാകാത്ത മക്കള്‍ എന്നിവരടങ്ങിയ കുടുംബത്തിനാണു ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള ഭൂമി കൈവശം വയ്ക്കാന്‍ അധികാരമുള്ളത്.

30 ഏക്കറില്‍ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തില്‍ നിന്നും മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്ക് 15 ഏക്കര്‍ ഭൂപരിധി ബാധകമല്ല. എന്നാല്‍, 29 ഏക്കര്‍ വരെ തോട്ടം ഭൂമിയുള്ളവര്‍ പ്രത്യേക പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവിന് അപേക്ഷിക്കണം. മറ്റു കൃഷിഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരമാണു റവന്യൂ വിഭാഗം ശേഖരിക്കുന്ന്.