പാര്‍ട്ടിയിലെ പോര് ഉഴവൂര്‍ വിജയനെ തളര്‍ത്തി; നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചിരുന്നതായും സന്തതസഹചാരി വെളിപ്പെടുത്തി

എന്‍.സി.പിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന്‍ തയാറെടുത്തിരുന്നതായി സന്തത സഹചാരിയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ അന്തരിച്ച എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റേതാണു വെളിപ്പെടുത്തല്‍.

നേതാക്കളില്‍ ചിലര്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചിരുന്നു. മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടര്‍ന്നു താന്‍ ആശുപത്രിയില്‍ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.

ഉഴവൂര്‍ വിജയനെ എന്‍.സി.പി. അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാനായിരുന്നു നേതാക്കളില്‍ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളില്‍ അദ്ദേഹം തളര്‍ന്നു പോയെന്നും സതീഷ് കല്ലക്കോട് പറഞ്ഞു. കുടുംബത്തെ ചേര്‍ത്ത് ഉന്നയിച്ച ദുരാരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു.

വൈകാതെ ആശുപത്രിയില്‍ എത്തിച്ചു. താന്‍ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയന്‍ ഫോണിലൂടെ പറഞ്ഞിരുന്നു. മുന്‍പ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.