പോലീസിനെതിരെയും വിമര്‍ശനവുമായി ദിലീപ്; പള്‍സറിന്റെ കത്ത് ഉടനെ ഡിജിപി ബഹ്‌റയ്ക്ക് കൈമാറിയിരുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ ഗൂഢാലോചനാക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയും വിമര്‍ശനം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താന്‍ പരാതി നല്‍കിയതു വൈകിയാണെന്ന പോലീസിന്റെ വാദം തെറ്റാണെന്നു ദിലീപ് ചൂണ്ടിക്കാട്ടി.

പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ അന്നുതന്നെ വാട്‌സാപ്പിലൂടെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയിരുന്നതായും ജാമ്യഹര്‍ജിയില്‍ ദിലീപ് പറഞ്ഞു. എന്നാല്‍ കത്തുകിട്ടി 20 ദിവസം വൈകിയാണു പോലീസില്‍ പരാതി നല്‍കിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.

പള്‍സര്‍ സുനിയുടെ കത്തില്‍ പറയാത്ത ബ്ലാക് മെയിലിങ് തുകയായ രണ്ടു കോടിയെ സംബന്ധിച്ചും ദിലീപ് ജാമ്യാപേക്ഷയില്‍ വിശദീകരിച്ചു. ഫോണില്‍ വിളിച്ചപ്പോഴാണു രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടത്. പരാതിയില്‍ തുക ഉള്‍പ്പെടുത്താന്‍ കാരണവുമിതാണെന്ന് ജാമ്യഹര്‍ജിയില്‍ വിശദീകരിക്കുന്നു.

ജയിലില്‍നിന്നു സുനി അയച്ച കത്തില്‍ രണ്ടു കോടിയുടെ കാര്യം പറയുന്നില്ലെന്നും പിന്നെങ്ങനെയാണു രണ്ടു കോടി രൂപയാണ് സുനി ആവശ്യപ്പെട്ടതെന്നു ദിലീപ് അറിഞ്ഞതെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് ചോദിക്കുന്നു.

കൊച്ചിയിലെ ഹോട്ടലില്‍വച്ചു ഗൂഢാലോചന നടത്തിയെന്ന പോലീസ് വാദം തെറ്റാണ്. 2013ലെ അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു.

അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ അബാദ് പ്ലാസയിലാണു ദിലീപ് താമസിച്ചിരുന്നത്. നേരത്തേ ദിലീപിനെ ഇവിടെയെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. മാധ്യമങ്ങളെയും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു. താന്‍ ജയിലിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകള്‍ പ്രതിസന്ധിയിലായി. 50 കോടിയോളം രൂപ സിനിമകള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.