മുംബൈ മുങ്ങി; ദുരിതക്കയത്തില്‍ മലയാളികള്‍, ചുഴലിക്കാറ്റിന് സമാന കാലാവസ്ഥയെന്ന് നഗരവാസികള്‍
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം ഏതാണ്ട് വെള്ളം കയറിയ അവസ്ഥയില്‍. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ചിലയിടങ്ങളില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെയും മഴ ബാധിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന് സമാനമായ കാലാവസ്ഥയാണെന്നാണു നഗരവാസികള്‍ പറയുന്നത്. നഗരത്തിലെ റോഡുകളില്‍ വലിയൊരു ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയി. ട്രെയിന്‍ ഗതാഗതത്തെയും വിമാനയാത്രയെയും പ്രളയം ബാധിച്ചു. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയാറെടുത്തു. രാവിലെ മുതല്‍ കനത്ത കാറ്റും മഴയുമുണ്ട്. മഴ ശമിക്കാത്തതിനാല്‍ ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുകയാണ്.
ആശുപത്രികളിലും വെള്ളം കയറി. കൊറുകള് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡുകളില്‍ അനാഥമായി കിടക്കുകയാണ്. മഴയെത്തുടര്‍ന്ന് മിലന് സബ്!വേ, അന്ധേരി സബ്!വേ എന്നിവ അടച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
വാഹനങ്ങള്‍ ഒഴുകിപ്പോയി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് താമസിക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്. എന്ത് ആവശ്യമുണ്ടെങ്കിലും ‘100’ നമ്പര്‍ ഡയല് ചെയ്യണമെന്നു മുംബൈ പോലീസ് അറിയിച്ചു.
നഗരത്തിലെ പ്രശസ്തമായ ഡബ്ബാവാലകളുടെ ജോലിയും പ്രയാസത്തിലായി. സൈക്കിളും ബൈക്കും ഓടിക്കാനാവാത്തതിനാല് നടന്നാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതി എത്തിക്കുന്നത്.