ഹാര്‍വി ചുഴലിക്കാറ്റ് ; തന്‍റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല എന്ന് ബാബു ആന്റണി
ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള തന്‍റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും ഒഴുകി വന്നില്ല എന്ന് പ്രമുഖ മലയാള സിനിമാ താരം ബാബു ആന്റണി. ബാബു ആന്റണിയുടെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു താരം. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. പ്രളയത്തെ തുടര്‍ന്ന്‍ ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളില്‍ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി അറിഞ്ഞുവെന്നുമാണ് തമ്പി ആന്റണി തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതു കണ്ട സോഷ്യല്‍ മീഡിയ ഇത് ബാബു ആന്റണിയുടെ വീട്ടിലെ സംഭവമായി തെറ്റിദ്ധരിക്കപ്പെട്ടു. തുടര്‍ന്നാണ് നടന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. എന്റെ വീടിന്റെ വാര്‍ത്ത കണ്ട് പലരും വിളിച്ചു. എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവം അനുഗ്രഹിക്കട്ടെ- ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ക്കും അമേരിക്കയിലെ മാധ്യമങ്ങള്‍ക്കും അദ്ധേഹം നന്ദി അറിയിക്കുകയും ചെയ്തു.