താണ്ഡവം സിനിമാ ക്‌ളൈമാക്‌സില്‍ നിന്നും തന്റെ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞു എന്ന് ബാബു ആന്റണി

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോ ആണ് ബാബു ആന്റണി. ഒരു കാലത്തു വില്ലനായും നായകനായും തിളങ്ങിയ താരം. പണ്ടൊക്കെ മിക്ക സിനിമകളിലും ബാബു ആന്റണി ആരുടെ കൂടെയാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടായിരുന്നു. നായകന്റെ കൂടെയാണെന്ന് അറിഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ക്ക് പകുതി സമാധാനമാകുമായിരുന്നു. അതുപോലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ചതാക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരം കൂടിയാണ് ബാബു ആന്റണി.

എന്നാല്‍ ഏറെ കഷ്ട്ടപ്പെട്ടു ചെയ്ത ഒരു ആക്ഷന്‍ രംഗം സിനിമയില്‍ നിന്നും എഡിറ്റ് ചെയ്തു കളഞ്ഞ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ബാബു ആന്റണി ഇപ്പോള്‍. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ക്ളൈമാക്സില്‍ വില്ലനെ നേരിടുന്ന രംഗമാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയത് എന്നും ബാബു ആന്റണി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ താന്‍ അഭിനയിച്ച പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ബാബു ആന്റണി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലാണ് ഈ ഓര്‍മ്മയും പങ്കുവെച്ചിരിക്കുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ് :

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയില്‍ പ്രിയന്‍, മോഹന്‍ലാല്‍ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’- ബാബു ആന്റണി കുറിക്കുന്നു.