മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും ആദ്യ മന്ത്രി ; അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കേരളത്തിനും ഒരു മന്ത്രി. മുന്‍ഐഎഎസ് ഓഫീസറും നേരത്തെ എംഎല്‍എുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം ഒന്‍പത് പേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ മന്ത്രിമാരില്‍ മൂന്ന് പേര്‍ സിവില്‍ സര്‍വ്വീസില്‍ നിന്നുള്ളവരാണ്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാലു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് ബിജെപി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനവും ഹര്‍മീത് പൂരിയും ഒഴിച്ച് ബാക്കിയെല്ലാവരും നിലവില്‍ എംപിമാരാണ്. പാര്‍ലമെന്റ് അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോക്‌സഭയിലോ അംഗത്വം നേടണമെന്നാണ് ചട്ടം. ഭരണഘടന പ്രകാരം മന്ത്രിസഭയില്‍ 81 അംഗങ്ങള്‍ വരെ ആകാമെന്നാണ്. നിലവില്‍ മോദി മന്ത്രിസഭയില്‍ 73 പേരാണുള്ളത്.