ദിലീപിന്റെ സാന്നിധ്യം; ആലുവ സബ് ജയിലിലെ തിരുവോണ സദ്യക്ക് താര പരിവേഷം
ആലുവ:സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ തടവുകാരുടെ സദ്യക്ക് ഇക്കുറി താരപരിവേഷമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് മാസത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയ നായകന് ദിലീപിന്റെ സാന്നിദ്ധ്യമാണ് ആലുവ സബ് ജയിലിലെ ഓണ സദ്യ സ്പെഷ്യലാക്കുന്നത്. തടവുകാരെല്ലാവരും ചേര്‍ന്നാണ് സദ്യവട്ടമൊരുക്കുന്നത്. 61 തടവുകാര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ജീവനക്കാരെയും കൂട്ടി 75 പേര്‍ക്കാണ് സദ്യയൊരുക്കുന്നത്.
അതേസമയം ഉത്രാടദിനമായ ഇന്നലെ, സഹപ്രവര്‍ത്തകരായ ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ, സംവിധായകന് രഞ്ജിത്ത് എന്നിവര്‍ ദിലീപിനെ സന്ദര്‍ശിച്ചു. രാവിലെ പത്ത് മണിയോടെ കലാഭവന്‍ ഷാജോണ്‍ ആണ് ആദ്യമെത്തിയത്. 11 മണിയോടെ ഹരിശ്രീ അശോകനും കലാഭവന്‍ ജോര്‍ജുമെത്തി. വൈകിട്ട് നാലിനാണ് രഞ്ജിത്തും സുരേഷ് കൃഷ്ണയും വന്നത്. ജയിലിലായ ശേഷം നാദിര്ഷയല്ലാതെ സിനിമ മേഖലയില്‍ നിന്ന് ദിലീപിന് സന്ദര്‍ശകരെത്തുന്നത് ഇതാദ്യമാണ്.