പശു എന്ന പേരില്‍ വാഹനത്തില്‍ കഴുതയെ കൊണ്ട് പോയവരെ ഗോ രക്ഷാസേന മര്‍ദിച്ചു ; അമളി മനസിലായപ്പോള്‍ മുങ്ങി

പശുക്കളെ മാത്രമല്ല കഴുതകളെ കണ്ടാലും ഇപ്പോള്‍ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ക്ക് ഹാലിളകും. രാജസ്ഥാനിലാണ് സംഭവം. അവിടെ കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അവസാനം വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമിസംഘം രക്ഷപെട്ടു. ജലോര്‍ ജില്ലയിലെ സയ്‌ലയിലുള്ള കാന്തിലാല്‍ ഭീലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. ഭീല്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത സിന്ധരി പ്രദേശത്തെ ഒരു ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുനടക്കുന്നുവെന്ന് വിവരം ലഭിച്ചു.

ഇതേത്തുടര്‍ന്ന് അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് അവിടെയെത്തി കഴുതയെ പിടികൂടിയ ശേഷം വാഹനത്തില്‍ കയറ്റി തിരികെ വരുന്ന വഴിക്കാണ് അക്രമണം ഉണ്ടായത്. കഴുതയുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതുകണ്ട അക്രമി സംഘം മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.