കുറ്റക്കാരാനെന്ന് കോടതി വിധിക്കുന്നത് വരെ ദിലീപ് നിരപരാധിയെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടനും,എം.എല്‍.എ യുമായ ഗണേഷ് കുമാര്‍ രംഗത്ത്. കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്നത് വരെ ദിലീപ് നിരപരാധിയാണെന്നും, നല്ല കാലത്ത് ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കൈവിടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമ മേഖലയിലുള്ളവരുടെ പിന്തുണ ഈ സമയത്ത് ദിലീപിന് ആവശ്യമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്.
അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും, എം.എല്‍.എ എന്ന നിലയിലല്ല, ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാന്‍ എത്തിയതെന്നും ഗണേഷ് പറഞ്ഞു. ഉച്ചക്ക് 12: 20 ഓടെ ജയിലിലെത്തിയ ഗണേഷ്‌കുമാര്‍ അരമണിക്കൂറിലേറെ ദിലീപുമായി കൂടിക്കാഴ്ച നടത്തി.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെ നിരവധി താരങ്ങളാണ് ആലുവ ജയിലില്‍ എത്തിയത്.
നടന്‍ ജയറാം,ഹരിശ്രീ അശോകന്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത്.