അണ്ണാ ഡിം എം കെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന്; ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും
ചെന്നൈ : മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവര്‍ വിളിച്ചതനുസരിച്ച് അണ്ണാ ഡിം.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വി. കെ. ശശികലയെ മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തില്‍ കൈക്കൊണ്ടേക്കും. അതേസമയം, മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനും മടിയ്ക്കില്ലെന്ന് ടി. ടി. വി ദിനകരന്‍ എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി.
ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ടി.ടി.വി ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചെങ്കിലും, യോഗത്തിന് മദ്രാസ് ഹൈക്കോടതി അനുവാദം നല്‍കുകയായിരുന്നു.
ജനറല്‍ സെക്രട്ടരിക്ക് മാത്രം വിളിച്ചു ചേര്‍ക്കാന്‍ അധികാരമുള്ള യോഗം അവരുടെ അഭാവത്തില്‍ വിളിച്ചു ചേര്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തെ വെട്രിവേല്‍ എം.എല്‍.എയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച്, യോഗം നടത്തുന്നതിന് സ്റ്റേ ചെയ്യാനാകില്ലെന്ന് ഉത്തരവിട്ടിരുന്നു. പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും നിര്‍ദേശിച്ചു. കോടതിയുടെ സമയം കളഞ്ഞതിന് വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ദിനകരന്‍ പക്ഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ, യോഗത്തിനെതിരെ എ.ഐ.എ.ഡിഎം.കെ കര്‍ണാടക സെക്രട്ടറി പുകഴേന്തി, ബംഗലൂരു സിവില്‍ കോടതിയെയും സമീപിച്ചിരുന്നു. യോഗത്തിന് ബംഗലൂരു കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇതോടെ യോഗം ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി നല്‍കുകയായിരുന്നു.
ഹര്‍ജി ഈ മാസം 23 ന് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തിലും, സര്‍ക്കാര്‍ തലത്തിലും സുപ്രധാന മാറ്റങ്ങള്‍ക്ക് ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തേക്കും. എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു പ്രധാന കേന്ദ്രങ്ങളിലുള്ള സെക്രട്ടറിമാര്‍ എന്നിങ്ങനെ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശശികല വിഭാഗം പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വന്‍ സുരക്ഷയാണ് യോഗ വേദിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.