ദിലീപ് ഇന്ന് ജാമ്യ ഹര്‍ജി നല്‍കില്ല; എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം ഹര്‍ജി നല്‍കിയാല്‍ മതിയെന്ന് നിലപാടില്‍ ജനപ്രിയന്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കാനിരുന്നത് മാറ്റിവെച്ചു. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമര്‍പ്പിക്കുന്നത് മാറ്റിയതെന്നും, അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്നുമാണ് വിശദീകരണം. എന്നാല്‍ തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.

നേരത്തെ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മാറ്റിവെച്ചിരുന്നു.നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നലെ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നാദിര്‍ഷയെ ചോദ്യംചെയ്ത ശേഷം 18ന് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ കോടതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന.

പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. റിമാന്‍ഡിലായ ശേഷം ദിലീപ് ഹൈക്കോടതിയില്‍ നല്‍കുന്ന മൂന്നാമത്തെ ജാമ്യ ഹര്‍ജിയയാണിത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം ജാമ്യ ഹര്‍ജി നല്‍കിയാല്‍ മതിയെന്നാണ് ദിലീപിന്റെ നിലപാട്.