അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍; ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.വാദത്തിനായി എത്ര സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. ഒന്നരമണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദം ആരംഭിച്ചത്.

കേസിന്റെ അന്വേഷണ വിവരങ്ങള്‍ പോലീസ് അറിയിക്കുന്നില്ല. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങള്‍ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ എന്തുമാറ്റമുണ്ടായെന്നു വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് പ്രോസിക്യൂഷനു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍പു ജാമ്യാപേക്ഷ പരിഗണിച്ച അതേ ബഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് മൂന്നാം വട്ടവും ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.