മകനെ അറസ്റ്റ് ചെയ്തതിനു വനിതാ ജഡ്ജി പോലീസുകാരന്റെ മുഖത്തടിച്ചു; ജഡ്ജിക്കെതിരെ പ്രതിക്ഷേധം ശക്തമാകുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വനിതാ ജഡ്ജി പൊലീസുകാരനെ പരസ്യമായി മർദിച്ച സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശിലെ കീഴ്കോടതി ജഡ്ജിയായ ജയ പഥക് ആണ് ഡ്യൂട്ടിയിലുള്ള പോലീസുകാരന്റെ മുഖത്ത് രണ്ടു തവണ അടിച്ചത്. ഡെറാഡൂണിലെ പ്രേംനഗര്‍ പൊലീസ് സ്റ്റേഷനില്‍ സെപ്തംബര്‍ 12 നാണ് സംഭവം നടന്നത്.
പെട്രോളിയം ആന്‍റ് എനര്‍ജി സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ജഡ്ജിയുടെ മകൻ ഉൾപ്പെട്ട സംഘര്‍ഷത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികളുടെ കസ്റ്റഡിയെ സംബന്ധിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് അവരെ പ്രകോപിച്ചത്. ദേഷ്യം മൂത്ത ജഡ്ജി പൊലീസുകാരനെ രണ്ടിലധികം തവണ മുഖത്തടിച്ചു. എന്നിട്ടും രോഷമടങ്ങാത്ത ജഡ്ജി വീണ്ടും അടിക്കാനായി അടുത്തപ്പോൾ വനിതാ പൊലീസുകാര്‍ അവരെ പിടിച്ചു മാറ്റുകയായിരുന്നു.
”നിങ്ങള്‍ ഒരു ജഡ്ജിയല്ലേ, ഇങ്ങനെയാണോ പെരുമാറുന്നതെന്ന്” മര്‍ദനമേറ്റ പൊലീസുകാരനും സഹപ്രവര്‍ത്തകരും അവരോട് ചോദിക്കുന്നതും ജഡ്ജി വീണ്ടും തര്‍ക്കിക്കുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ച ജഡ്ജിക്കെതിരെ കേസെടുക്കാന്‍ അനുമതി വേണമെന്ന്ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് അലഹബാദ് ഹൈകോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ അനുമതി നല്‍കിയാല്‍ ജയ പഥകിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് പ്രദീപ് റായ് അറിയിച്ചു.