മഴയില്‍ കുളിച്ച് കേരളം; കനത്തമഴയില്‍ വന്‍ നാശ നഷ്ടം, ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും ഇപ്പോഴും തുടരുകയാണ്. മഴ കനത്തതോടെ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മലയോര, തീരമേഖലയിലേക്കു പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, ഇത് ഒരിക്കലും തുലാവര്‍ഷത്തിന്റെ തുടക്കമല്ല. അതിന് ഒക്‌ടോബര്‍ പകുതി വരെ കാത്തിരിക്കേണ്ടിവരുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വന്‍ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇന്നലെ തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

അതിനിടെ കനത്ത മഴയില്‍ പലയിടത്തും ഉരുള്‍പൊട്ടി. വ്യാപകകൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുമുണ്ടായി. അട്ടപ്പാടി ചുരത്തിലേക്ക് ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു. പാലക്കാടും കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി അണക്കെട്ട് പാതി നിറ!ഞ്ഞു. താമരശേരി, കുറ്റ്യാടി ഭാഗങ്ങളില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ ഏകദേശം 155 സെമീ മഴ ലഭിച്ചു കഴിഞ്ഞതോടെയാണു പത്തനംതിട്ട സംസ്ഥാനത്തെ കാലവര്‍ഷക്കണക്കില്‍ ഒന്നാം സ്ഥാനം നേടിയത്. മഴയുടെ കുറവു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രം.

16 ശതമാനമാണു സംസ്ഥാനത്തെ മഴക്കുറവ്. രണ്ടാഴ്ച മുന്‍പ് ഇതു 30 ശതമാനമായിരുന്നു. മെച്ചപ്പെട്ട മഴ കിട്ടിയിട്ടും 45 ശതമാനത്തിന്റെ കുറവുമായി നില്‍ക്കുന്നത് വയനാട്ടിലാണ്.