കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് നീക്കം പൊളിച്ച് എന്‍ ഐ എ, നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് എന്‍ഐഎ. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നബീലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സ്വദേശിയാണ് നബീല്‍ അഹമ്മദ്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകും എന്നാണ് സൂചന.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായി കവര്‍ച്ച നടത്തിയ കേസില്‍ തൃശ്ശൂര്‍ സ്വദേശിയെ നേരത്തെ എന്‍ഐഎ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തുകയായിരുന്നു. ടെലട്രാമില്‍ പെറ്റ് ലവേര്‍സ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തല്‍. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടില്‍ ഒളിച്ചത്. വനത്തിനുള്ളില്‍ നിന്നാണ് എന്‍ഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുന്‍പ് ഒരു കൊലക്കേസിലും പ്രതിയാണ്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിച്ചത്.