കേരളത്തിനെ മോശമാക്കി കാണിച്ചു ബോളിവുഡ് സിനിമ ; കേരള സ്റ്റോറി’ സിനിമക്കെതിരെ കേസെടുക്കും

ചരിത്രം ബയോപിക് എന്നി പേരുകളില്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന സിനിമകളെ കൊണ്ട് സജീവമാണ് ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകം. അത്തരത്തില്‍ പുറത്തു വന്ന കാശ്മീരി ഫയല്‍സ് എന്ന സിനിമയുടെ ഞെട്ടിക്കുന്ന വിജയം വീണ്ടും വീണ്ടും ആ വഴിക്ക് പോകാന്‍ സിനിമാക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദം ഇവര്‍ക്ക് ഗുണകരമായി മാറുന്നുമുണ്ട്. അത്തരത്തില്‍ ആദാ ശര്‍മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ എന്ന ഹിന്ദി സിനിമയാണ് ഇനി പുറത്തു വരാന്‍ ഉള്ളത്. കേരളത്തിനെ വില്ലന്മാര്‍ ആയി കാണിച്ചാണ് സിനിമ ഒരുങ്ങുന്നത് എന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തം.

കേരളത്തില്‍ നിന്ന് 32000 സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിദേശത്ത് തീവ്രവാദ സംഘടനകളില്‍ ചേര്‍ത്തു എന്നാണ് സിനിമ ആരോപിക്കുന്നത്. കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കും സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. സണ്‍ഷൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജയ് അമൃത്‌ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന കേരളാ സ്റ്റോറി എന്ന ഹിന്ദി സിനിമയ്ക്ക് എതിരെയാണ് പരാതി.

സിനിമയുടെ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ റിലീസ് ചെയ്തിരുന്നു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദാ ശര്‍മയുടെ സിനിമയിലെ കാരക്ടര്‍ സ്‌കെച്ചാണ് ടീസറിന്റെ ഉള്ളടക്കം. അന്തര്‍ദേശീയ അതിര്‍ത്തിയെന്ന് സൂചിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മലയാളിയായ കേന്ദ്രകഥാപാത്രം തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി തീവ്രവാദ സംഘടനയില്‍ ചേര്‍ത്തു എന്ന് പറയുന്നു. ഹിന്ദിയിലാണ് സംഭാഷണം.

എന്നാല്‍ സിനിമക്കെതിരെ കേസെടുക്കുവാന്‍ ആണ് ഇപ്പോള്‍ തീരുമാനം. ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സിനിമ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോര്‍ട്ടിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

മതവികാരം വ്രണപ്പെടുത്തുന്നതും കേരളത്തിനെ അപമാനിക്കുന്നതുമായി ഉള്ളടക്കമുള്ള സിനിമക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ 32,000 സ്ത്രീകളെ കേരളത്തില്‍ നിന്ന് തീവ്രവാദസംഘടനകളില്‍ ചേര്‍ക്കാന്‍ വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് ടീസറിന്റെ ഉള്ളടക്കം. യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്നവകാശപ്പെടുന്ന സിനിമ പച്ചക്കള്ളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ അരവിന്ദാക്ഷന്‍ ആരോപിച്ചു.

സിനിമ കേരളത്തെപ്പറ്റി മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും വിവിധ സംസ്ഥാനങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകള്‍ക്കും പരാതി അയച്ചെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു.