കാണാന്‍ ആളില്ല ; അക്ഷയ് കുമാറിന്റെ ന്യൂ ജേഴ്‌സി ഷോ ക്യാന്‍സല്‍ ചെയ്തു

സിനിമക്ക് അകത്തും പുറത്തും ഇപ്പോള്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കഷ്ടകാലം ആണ്. സിനിമകളുടെ തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് പിന്നാലെ ഇപ്പോളിതാ അക്ഷയ് കുമാര്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടത്താനിരുന്ന ‘ദി എന്റര്‍ടൈനേഴ്‌സ്’ ലൈവ് ഷോ ക്യാന്‍സല്‍ ചെയ്തു എന്ന് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് ഇത്തരത്തില്‍ സൂചന ലഭിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ അമിത് ജെയ്റ്റ്‌ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കാണാന്‍ ആളില്ലാത്ത കാരണം ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്‌സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്‌ലി പറഞ്ഞു. ”പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന മന്ദഗതിയിലായതാണ്. ഞങ്ങളുടെ കാഴ്ചക്കാര്‍ക്ക് ഏറ്റവും നല്ല അനുഭവം നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.”- അമിത് ജെയ്റ്റ്‌ലി പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 3ന് അറ്റ്‌ലാന്റ, 8ന് ഡാലസ്, 11ന് ഓര്‍ലാന്‍ഡോ, 12ന് ഓക്ലന്‍ഡ് എന്നീ സ്ഥലങ്ങളില്‍ പ്രോഗ്രാം നടത്തുമെന്നാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്. മാര്‍ച്ച് നാലിന് തീരുമാനിച്ചിരുന്ന ന്യൂ ജേഴ്‌സി പ്രോഗ്രാമിനെപ്പടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൂചനയില്ല. അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, ദിഷ പട്ടാനി, നോറ ഫതേഹി തുടങ്ങിയ താരങ്ങളും പ്രോഗ്രാമില്‍ പങ്കെടുക്കും. താരത്തിന്റെതായി അവസാനം റിലീസ് ആയത് സെല്‍ഫി എന്ന ചിത്രമാണ്. വളരെ മോശം പ്രകടനമാണ് സിനിമ ബ്ലോക് ഓഫീസില്‍ നടത്തുന്നത്.