ബിഗ് ബി അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഹൈദരാബാദില്‍ പ്രഭാസ് നായകനായി എത്തുന്ന പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് പുറത്തുവിട്ടത്.
പരിക്കേറ്റതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ഷൂട്ടിങ് മതിയാക്കി ഹൈദരാബാദില്‍നിന്ന് മുംബൈയിലേക്ക് തിരികെ പോയി. ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് അമിതാഭ് ബച്ചന്‍ ലൊക്കേഷനില്‍നിന്ന് മടങ്ങിയത്.

പരിക്കേറ്റതിനെ തുടര്‍ന്ന് വേദനയുണ്ടെന്നും, നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. ഭേദമാകാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വേദനയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഷൂട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കൂടുതല്‍ സമയവും കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വൈകുന്നേരം ജല്‍സ ഗേറ്റില്‍ ആരാധകരെ കാണാന്‍ എനിക്ക് കഴിയില്ല.. അതിനാല്‍ വരരുത്.. വരാന്‍ ഉദ്ദേശിക്കുന്നവരെ പരമാവധി അറിയിക്കുക’ – ബച്ചന്‍ പറഞ്ഞു.