ഫ്‌ലാറ്റിന്റെ ടെറസില്‍ ഒളിച്ചിരുന്ന് വീട്ടിനുള്ളിലെ ആലിയയുടെ ചിത്രങ്ങളെടുത്തു ; പ്രതിഷേധവുമായി ബോളിവുഡ് ; കേസെടുക്കുമെന്ന് പൊലീസ്
എത്ര വലിയ സെലിബ്രറ്റി ആണ് എങ്കിലും സ്വന്തം വീട്ടില്‍ അവര്‍ സാധാരണ മനുഷ്യര്‍ ആണ്. അവിടെ അവര്‍ ആഗ്രഹിക്കുന്നത് സ്വകാര്യതയാണ്. എന്നാല്‍ ആ സ്വകാര്യ ജീവിതത്തിലേക്കും നുഴഞ്ഞു കയറിയിരിക്കുകയാണ് ചില ക്യാമറ കണ്ണുകള്‍. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ഇതിനു ഇരയായത്. ഒളിച്ച് നിന്ന് നടി ആലിയ ഭട്ടിന്റെ ചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പി ആര്‍ ടീം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നല്‍കാമെന്നും ആലിയ ഭട്ട് മറുപടി നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊട്ടടുത്ത ഫ്‌ലാറ്റിന്റെ ടെറസില്‍ ഒളിച്ചിരുന്നാണ് ചിലര്‍ ആലിയ ഭട്ടിന്റെ വീടിനകത്തുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ പോസ്റ്റ് ഇട്ടതോടെ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആലിയ ഭട്ടിന്റെ അമ്മയും സഹോദരിയും അടക്കമുള്ള ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനൂഷ്‌ക ശര്‍മ എന്നിവരും ആലിയക്ക് പിന്തുണയുമായെത്തി.