ഉടന്‍ പുറത്തേയ്ക്കില്ല; നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചു, ജയിലില്‍ തുടരും
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇത്തവണയും ജാമ്യം നിഷേധിച്ചു. ഒറ്റവാക്കിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പ്രസ്താവം ഉണ്ടാവുമെന്ന് കോടതി അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജി പരിഗണിച്ച ശനിയാഴ്ച അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്.
നാലാം തവണയാണു ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയെ സമീപിക്കുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. സംഭവത്തില്‍ ദിലീപ് ജയിലിലായിട്ടു 60 ദിവസം കഴിഞ്ഞു. നടിയുടെ നഗ്നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് തനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കട്ടിയായിരുന്നു ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ എന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കൃത്യം നടത്താന്‍ ആളെ ഏര്‍പ്പാട് ചെയ്ത ദിലീപ് കൃത്യം എങ്ങനെ വേണമെന്ന നിര്‍ദ്ദേശവും വ്യകതമായി നല്‍കിയിരുന്നു. അതിനാല്‍ തന്നെ ദിലീപിനെതിരായ ബലാല്‍സംഗ കുറ്റം നിലനില്‍ക്കും എന്ന പ്രോസിക്ക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപിന് ജാമ്യം നിഷേധിക്കുന്നു എന്ന ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവം.
ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് സൂചന. അതെ സമയം സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്‍ അന്വഷണ പരിധിയിലാണെന്നു പോലീസ് വ്യക്തമാക്കി. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉച്ചക്ക് ശേഷം വിധി പറയും.