തോരാ മഴയില്‍ നിള നിറഞ്ഞൊഴുകുന്നു

ഇരു കരകളിലും മുട്ടി തീരത്ത് നനവ് പടര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞൊഴുകുകയാണ് നിള. നിറഞ്ഞ നിളയെ കാണാനും ജലസമൃദ്ധിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുമുള്ള തിരക്കാണ് തീരങ്ങളില്‍. കഴിഞ്ഞ വേനലിലും മണല്‍പ്പരപ്പിനേയും നീര്‍ച്ചാലിനേയും നോക്കി വിലപിച്ചിരുന്നവര്‍ക്ക് മേനി നിറയെ നീര്‍ നിറച്ച് തുള്ളി പതഞ്ഞൊഴുകയാണ് നിള.

2007 ലെ പ്രളയകാലത്താണ് ഇതു പോലെ നിള നിറഞ്ഞത്. അന്ന് പട്ടാമ്പി പാലവും കവിഞ്ഞൊഴുകി നിള. ഇപ്പോള്‍ ഇരു കരകളും മുട്ടിയൊഴുകുമ്പോള്‍ മുന്‍പ് ഇതുവരെയുണ്ടായിരുന്ന് പുഴയെന്ന് പഴമക്കാര്‍ പറയുന്നത് കേട്ട് അമ്പരപ്പെടുകയാണ് പുതു തലമുറ.

എങ്കിലും ചിലയിടങ്ങളില്‍ പുല്‍ നാമ്പുകള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. അത് കണ്ട ആരൊക്കയോ പറയുകയാണ് നിള ഇനിയും നിറയാനുണ്ടല്ലോ.. അടുത്ത വേനലിലും വറ്റി വരളുമോ എന്ന്. പുഴക്കും ചെറിയ പരിഭവമുള്ളതു പോലെ തോന്നുന്നു. നിറഞ്ഞ നിള കാണാനെത്തിയവര്‍ നാളെ, മഴപ്പെയ്‌ത്തൊഴിഞ്ഞാല്‍ വരള്‍ച്ചയെക്കുറിച്ച് വിലപിച്ചു തുടങ്ങരുതെന്ന് പതിയെ ഓര്‍മപ്പെടുത്തും പോലെ.