എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ് ; ദിലീപ് അനുകൂല വീഡിയോ വൈറലാകുന്നു

കൊച്ചി: ദിലീപിന്റെ പുതിത ചിത്രമായ രാമലീല ഈ മാസം 28 ന് റിലീസ് ചെയ്യാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല വീഡിയോ പ്രചരിക്കുന്നു. മൂന്ന് മിനിറ്റ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പോലീസ് പിടിയിലായതിനു ശേഷമുള്ള ദൃശ്യങ്ങളാണ് കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാമാ ലീലയിലെ ഒരു പാട്ട് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തെളിവെടുപ്പിനായി അന്വേഷണസംഘം കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞതും, കോടതിയില്‍ കൊണ്ട് പോകുന്നതും, ജയിലില്‍ നിന്ന് അച്ചന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തതും,വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് പിടിയിലാകുന്നതിനു മുന്‍പ് ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന ചില കാര്യങ്ങളും വീഡിയോയില്‍ ഉണ്ട്.

ദിലീപ് ചിത്രം രാമാ ലീലയുടെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നതെന്നു വ്യക്തമാണ്.ഓണക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയതിനാല്‍ ദിലീപ് ചിത്രം കാണാന്‍ തീയേറ്ററുകളില്‍ ആളുകള്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ജയിലിലായ നടന്റെ ചിത്രം കാണാന്‍ ആരാധകരുടെ കാത്തിരിപ്പുകൂടിയാകുമ്പോള്‍ ചിത്രം വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. സിനിമ കാണുമെന്നും കാണില്ലെന്നും പറഞ്ഞ് പലരുടെയും പ്രതികരണം ചിത്രത്തിന് വലിയ പബ്ലിസിറ്റിയാണ് ഉണ്ടാക്കിയത്.

എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.