നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാലും മത്സരിക്കും കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കുന്നു

അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മത്സര രംഗത്തു താനും ഉണ്ടാകുമെന്നു സൂചന നല്‍കി നടന്‍ കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തോടാണ് കമല്‍ഹാസന്‍ നിലപാടു വ്യക്തമാക്കിയത്. അണ്ണാ ഡി.എം.കെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല.

നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍ നിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ താന്‍ മല്‍സരിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു.

നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ തനിച്ചു നില്‍ക്കുന്നതിനാണു താല്‍പര്യം. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമല്‍ഹാസനും രംഗത്തെത്തിയത്.