ഇന്ത്യന്‍ നിയമ സംവിധാനം പണക്കാര്‍ക്ക് മാത്രം; പാവപ്പെട്ടവന് അത് അപ്രാപ്യമെന്ന് ലോ കമ്മിഷന്‍
ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവര്‍ക്കു പ്രയോജനപ്രദമാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം അപ്രപ്യമാണെന്ന് ലോ കമ്മിഷന്‍ ചെയര്‍മാന്‍.
നിയമസംവിധാനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്. സങ്കീര്‍ണതകളും ഏറെയാണ്. തനിക്കുപോലും ‘വലിയ അഭിഭാഷകരു’ടെ ചെലവു താങ്ങാനാവില്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ പറഞ്ഞു.
നമ്മുടെ ജാമ്യ നിബന്ധനകള്‍ സങ്കീര്‍ണത നിറഞ്ഞതാണ്. ഇതു പാവപ്പെട്ടവരെ ജയിലഴികള്‍ക്കുള്ളില്‍ കിടത്തും. വിചാരണ മുഴുവന്‍ അനുഭവിക്കേണ്ടിവരും. എന്നാല്‍ സമ്പന്നര്‍ക്ക് ജാമ്യം ലഭിക്കാന്‍ എളുപ്പമാണ്. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ലിംഗഭേദം നോക്കി നിയമത്തെ വളച്ചൊടിക്കുമ്പോള്‍; നീതി നിഷേധിക്കപ്പെടുന്ന പുരുഷസമൂഹം
എന്തുകൊണ്ട് നമ്മുടെ നിയമസംവിധാനവും ജാമ്യ വ്യവസ്ഥകളും ഇത്രമേല്‍ സങ്കീര്‍ണമായി എന്നതാണ് ഉയരുന്ന ചോദ്യം. പാവപ്പെട്ടയാള്‍ക്ക് അറസ്റ്റിലാകുന്നതിനു മുന്‍പ് മുന്‍കൂറായി ജാമ്യം തേടാന്‍ ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സമ്പന്നര്‍ക്ക് അതെളുപ്പം സാധിക്കും. സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും നിയമസംവിധാനത്തില്‍ ഇടംകൊടുക്കുന്നതില്‍ ‘വലിയ അഭിഭാഷകര്‍’ കാണിക്കുന്ന വേര്‍തിരിവിനെയും ചൗഹാന്‍ കുറ്റപ്പെടുത്തി. എത്ര വലിയ കുറ്റമാണെങ്കിലും വലിയ അഭിഭാഷകര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും.
ഞാന്‍ സുപ്രീം കോടതി ജഡ്ജിയായാണ് വിരമിച്ചത്. ഇപ്പോള്‍ എനിക്കൊരു കേസ് വന്നാല്‍, ഇത്തരം അഭിഭാഷകരുടെ ചെലവു വഹിക്കാനാകില്ല. ടാക്‌സികള്‍ പോലെ മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കുമാണ് അവര്‍ പണം ഈടാക്കുന്നതെന്നും ചൗഹാന്‍ ഓര്‍മ്മിപ്പിച്ചു.



