കിക് ബോക്‌സിംഗ് മത്സരത്തിനിടെ ഇന്ത്യന്‍ വംശജനായ പ്രദീപ് ഇടിയേറ്റ് മരിച്ചു
സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ യുവ ബോഡിബില്‍ഡര്‍ കിക് ബോക്‌സിംഗ് താരം പ്രദീപ് സുബ്രഹ്മണ്യന്‍ (32) മത്സരത്തിനിടെ ഇടിയേറ്റ് മരിച്ചു. വേള്‍ഡ് ബോഡിബിംല്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഡബ്ല്യുബിപിഎഫ്) സിംഗപ്പൂര്‍ പ്രസിഡന്റ് പ്രദീപ് സുബ്രഹ്മണ്യന്‍ (32) ആണ് ആദ്യ കിക്‌ബോക്‌സിംഗ് മത്സരത്തില്‍ തന്നെ മരിച്ചത്.
സിംഗപ്പൂരില്‍നടന്ന എഷ്യ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടമത്സരമായി നടത്തിയ സെലിബ്രിറ്റി മത്സരത്തിലാണ് ദാരുണ സംഭവം. യൂ ട്യൂബ് താരം സ്റ്റീവന്‍ ലിമ്മിനെതിരെയാണ് പ്രദീപ് റിംഗില്‍ എത്തിയത്. മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തലയ്ക്ക് ഒന്നിലേറെ തവണ ഇടിയേറ്റതാണ് മരണകാരണമായത്. മത്സരത്തിനിടെ ഇടിയേറ്റ് പ്രദീപ് റിംഗിന്റെ മൂലയിലേക്ക് വീണു. അബോധാവസ്ഥയിലായ അദ്ദേഹത്തെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ പ്രദീപാണ് വിജയിച്ചത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ ലിമ്മിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രദീപിന് കഴിഞ്ഞില്ല.