ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ മലയാളിയായി എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍
വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ഇനി മലയാളി ശബ്ദവും. ന്യുസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എം.പി ആയിട്ടായിരിക്കും പ്രിയങ്ക സ്ഥാനമേല്‍ക്കുക.ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബര്‍ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതായി ”ആന്‍സ് മലയാളി”വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.
കിവി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി ആവുക. ഇതോടെ ന്യുസിലാന്‍ഡ് പാര്‍ലമെന്റിലെ ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. നേരത്തെ ഭരണകക്ഷി ആയ നാഷണല്‍ പാര്‍ട്ടിക്ക് രണ്ടു കിവി ഇന്ത്യന്‍ എം.പിമാര്‍ ഉണ്ടായിരുന്നു. കണ്‍വെല്‍ജിത് ബക്ഷിയും, പരംജിത് പരമാരും. മാത്രമല്ല ചെറു പാര്‍ട്ടിയായ ന്യുസിലാന്‍ഡ് ഫസ്റ്റ്‌നു മഹേഷ് ബിന്ദ്ര എന്ന ലിസ്റ്റ് എം.പിയും ഉണ്ടായിരിന്നു. ഇവര്‍ ഈ പ്രാവശ്യവും അവരുടെ പാര്‍ട്ടിയുടെ ലിസ്റ്റ് എം.പിമാരായി തുടരും .
കഴിഞ്ഞ സെപ്തംബര് 23നു നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലീ ടെന്നിസിനോട് പ്രിയങ്ക പരാജയപ്പെട്ടിരുന്നു. എന്നാല്‍ ന്യുസിലാന്റിലെ തിരഞ്ഞെടുപ്പ് രീതി പ്രകാരം ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്‌റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടേഴ്‌സ് നേരിട്ട് അവരുടെ എം.പിയെ തിരഞ്ഞെടുക്കുമ്‌ബോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് എംപിയാക്കും. ഇതനുസരിച്ചു 41 % വോട്ടു കിട്ടിയ നാഷണല്‍ പാര്‍ട്ടിക്ക് 41 ഇലക്ടറേറ്റില്‍ (നിയോജകമണ്ഡലങ്ങളില്‍) നിന്ന് ജയിച്ച 41 എം.പിമാരും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ 17 ലിസ്റ്റ് എം.പിമാരും കിട്ടും.
എന്നാല്‍ ലേബര്‍ പാര്‍ട്ടിക്കും, ഈ തിരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടു കിട്ടി, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കു 16 ലിസ്റ്റ് എം.പി മാരെ കിട്ടും. കൂടാതെ 29 നിയോജക മണ്ഡലങ്ങളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്. അങ്ങനെ അകെ 45 എം.പിമാര്‍ ലേബര്‍ പാര്‍ട്ടിക്കും ലഭിക്കും.
ഇങ്ങനെ ലിസ്റ്റ് എം.പിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ പതിനൊന്നാം സ്ഥാനമാണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനുള്ളത് . ലിസ്റ്റ് എം.പിമാര്‍ക്കും , തിരഞ്ഞെടുക്കപ്പെട്ട എം.പി മാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേ പോലെ ആണ് .
2004 ല്‍ ഉന്നത പഠനത്തിനായി സ്റ്റുഡന്റ് വിസയിലാണ് പ്രിയങ്ക സിംഗപ്പൂരില്‍ നിന്ന് ന്യുസിലന്‍ഡിലേക്ക് എത്തുന്നത്. 2006-ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പബ്ലിക് പോളിസി ഫ്രെയിം ചെയ്യുന്ന കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളില്‍ അംഗവും ഉപദേശകയും ആണ് പ്രിയങ്ക.
രാമന്‍ രാധാകൃഷ്ണന്‍ -ഉഷ രാധാകൃഷ്ണന്‍ ദമ്പതികളുടെ മകളാണ് പ്രിയങ്ക..വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ട്. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.