നടി ആക്രമിക്കപ്പെട്ട സംഭവം; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നു, പ്രോസിക്യൂഷന്‍ വാദം ഇന്ന്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.
കേസിലെ ഒരു നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. സിനിമാ മേഖലയില്‍നിന്നുള്ളവരാണ് ഇതിനു പിന്നില്‍ എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ന് പ്രോസിക്യൂഷന്റെ മറുവാദം നടക്കും. ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു.
കേസില്‍ കുറ്റപത്രം നല്‍കുന്നതിനു മുമ്പ് പുറത്തിറങ്ങാനുള്ള അവസാന അവസരമായാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കാനിരിക്കുന്നതിനിടെ ആണ് സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ജയിലില്‍ കിടന്നപ്പോഴും ശ്രമം ഉണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചത് .
പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതില്‍ ഒരു സാക്ഷിയുടെ കാര്യത്തില്‍ പോലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ മുന്നോട്ടു വെച്ച് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കാനാണ് സാധ്യത.
രഹസ്യമൊഴി നല്‍കിയ സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന വിവരവുമുണ്ട്. ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.