ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി.14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കെയാണ് റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുന്നത്.

ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാം ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു.ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഈ ബെഞ്ച് തന്നെ പരിഗണിച്ചിരുന്നെങ്കിലും തള്ളുകയായിയിരുന്നു. തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയശേഷം വീണ്ടും ഹൈക്കോടതിയെ ജാമ്യത്തിനായി ദീലീപ് സമീപിക്കുകയായിരുന്നു.

അതെ സമയം ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ന് റിലീസായ ദിലീപ് ചിത്രം രാമാലീലക്കു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമ മേഖലയിലെ പ്രേമുഖരടക്കം പല താരങ്ങളും രാമലീലക്ക് പിന്തുണയറിയിച്ചെത്തിയിട്ടുണ്ട്.