ഗാന്ധി ജയന്തി ദിനത്തില്‍ ചൂലെടുത്ത് ലാലേട്ടന്‍; ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ താരരാജാവിനൊപ്പം കൈകോര്‍ത്ത് കേരളം

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മലയാള സിനിമ താരം മോഹന്‍ ലാല്‍. തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരക നിധിയില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത താരം ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. ‘സ്വച്ഛതാ ഹി സേവ’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടക്കുന്നത്. കേരളത്തിലെ തൊണ്ണൂറിലധികം ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കും.

ഒരു ദിവസത്തിലൊതുങ്ങുന്ന ശുചീകരണമല്ല, തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കുന്ന രീതിയില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
14 ജില്ലകളിലെയും തിരഞ്ഞെടുത്ത ആശുപത്രികള്‍, സ്‌കൂള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ IMAയും KGMOAയുമായി ചേര്‍ന്നാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ശുചീകരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെ ശുചികരണ പ്രവര്‍ത്തികളിലും മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. പരിപാടിയുടെ ഭാഗമായി ഏവരും പ്രതിജ്ഞയുമെടുത്തു.

രാജ്യത്തെ മാലിന്യ മുക്തമാക്കാനുള്ള ‘സ്വച്ഛത ഹി സേവാ’ പരിപാടിയില്‍ പങ്കുചേരണമെന്നറിയിച്ചുകൊണ്ട് നേരത്തെ പ്രധാനമത്രി നരേന്ദ്ര മോദി, മോഹന്‍ലാലിന് കത്തയച്ചിരുന്നു.