ശ്രീലക്ഷ്മിയുടെ അമ്മയെ നാട്ടുകാര്‍ ദുര്‍നടപ്പുകാരി എന്ന പേരില്‍ നാടുകടത്തിയതില്‍ അടിയന്തര നടപടിയുമായി വനിത കമ്മീഷന്‍ (വീഡിയോ)

കൊല്ലത്ത് രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രീലക്ഷ്മി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് അമ്മയേയും ബന്ധുക്കളേയും നാടുകടത്തിയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. ദുര്‍നടപ്പുകാരിയെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും നാട്ടുകാര്‍ ഇവരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കാനും സമ്മതിച്ചില്ല. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കും എന്നാണ് വനിത കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട സുരക്ഷയും ഏര്‍പ്പാടാക്കുമെന്ന് വനിത കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംഭവങ്ങളെ കുറിച്ച് പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ആരായും.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടുകാര്‍ക്കും പങ്കുണ്ട് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇവരെ നാട്ടുകാര്‍ നാടുകടത്തിയത്. നാട്ടിലെത്തിയാല്‍ കൊന്നുകളയും എന്നാണ് നാട്ടുകാരുടെ ഭീഷണി. എന്നാല്‍ അമ്മയും കുടുംബവും അറിഞ്ഞുകൊണ്ടാണ്‌ ഈ പാതകം നടന്നത് എന്നാണു നാട്ടുകാര്‍ പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടി മരിച്ചതറിഞ്ഞ് വീട്ടില്‍ എത്തിയ നാട്ടുകാരോട് ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം ഒരു ബന്ധു വീട്ടിൽ പോയതാണെന്ന് എന്നും നാട്ടുകാര്‍ പറയുന്നു.