ഫാ.ടോം ഉഴുന്നാലില്‍ നാളെ തലസ്ഥാനത്ത്; മുഖ്യമന്ത്രിയുമായും, ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലില്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തും. രാവിലെ തലസ്ഥാനെത്തുന്ന അദ്ദേഹം, പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ സി.ബി.സി.ഐ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായെ രാവിലെ 11.30 ന് സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചുമണിക്ക് മാര്‍ ഈവാനിയോസ് വിദ്യാനഗറില്‍ ഉള്ള ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ടോം ഉഴുന്നാലിന് കേരള ജനതയുടെ ആദരവും നല്‍കും.
ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ,ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, വലിയ മെത്രാപോലീത്ത, മേയര്‍ അഡ്വ.വി.കെ പ്രശാന്ത്, സ്വാമി സാന്ദ്രാനന്ദ (ശിവഗിരി മഠം സെക്രട്ടറി) , ഇമാം സുഹൈന്‍ മൗലവി (പാളയം ഇമാം), ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് , ബിഷപ്പ് ആര്‍. ക്രിസ്തുദാസ് (തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ) എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
സ്വീകരണത്തിന് ഫാ.ടോം ഉഴുന്നാലില്‍ മറുപടി പറയും.
തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന സമയം ലഭിക്കുന്നതനുസരിച്ച് ഫാ.ടോം ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിക്കും.