തിരുവനന്തപുരത്ത് തട്ടുകടകള്‍ രാത്രി 8 മണി മുതല്‍ 11 വരെ മാത്രം മതി ; കര്‍ശന നിയന്ത്രണം ; ഹോട്ടലുകളെ സഹായിക്കാന്‍ എന്ന് വിമര്‍ശനം

ജില്ലയില്‍ തട്ടുകടകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. രാത്രി 8 മണി മുതല്‍ 11 വരെ മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാവൂ എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വഴുതക്കാട്, വെള്ളയമ്പലം റൂട്ടില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ 5 മണി മുതല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണി മുതല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളില്‍ ഗതാഗത തടസ്സവും വഴി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി.

അതേസമയം ഹോട്ടലുകളെ സഹായിക്കാന്‍ വേണ്ടിയാണു ഈ നടപടി എന്ന് വിമര്‍ശനം ഉയരുന്നുണ്ട്. തട്ടുകടകള്‍ക്ക് ഏറെ ആരാധകരും ആവശ്യക്കാരുമുള്ള ഇടമാണ് തിരുവനന്തപുരം.കീശ കാലിയാകാതെ നല്ല ആഹാരം കിട്ടുന്ന ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്ക് സാവകാശം അനുവദിച്ചെങ്കിലും പരിശോധന കര്‍ശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയ പരിധി ഫെബ്രുവരി 16 വരെയാണ് നീട്ടിയത്. ഇതിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോജ് വ്യക്തമാക്കിയിരുന്നു.