അസമില്‍ വീണ്ടും വെള്ളപ്പൊക്കം; ദുരിതക്കയത്തില്‍ അഭയമില്ലാതെ 78000 പേര്‍
ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും വെള്ളപ്പൊക്കം. ഇതിനോടകം അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്.
ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പര, ഹോജായി,കര്‍ബി ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചിട്ടുള്ളത്. പ്രളയബാധിത ജില്ലകളില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ സുരക്ഷിതാരായുള്ളതായും അധികൃതര്‍ അറിയിച്ചു. 16000ത്തോളം പക്ഷി മൃഗാദികളെയും പ്രളയം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് അസമില്‍ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.ഗോല്‍ഘാട്ടിനു സമീപം നുമാലിഗറില്‍ ധന്‍സിരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒറ്റപ്പെട്ടുപോയ ആളുകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുക്കാനും മുഖ്യമന്ത്രി സര്‍ബാനന്ദ് സബര്‍വാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിത ജില്ലകളിലെ ഭരണകൂടവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണമെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.