ദിലീപിന് ജാമ്യം; കര്‍ക്കശ ഉപാധികളോടെ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പിടിയിലായ നടന്‍ ദിലീപിന് ജാമ്യം.കര്‍ക്കശ ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു. കേസില്‍ ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്.
നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.
സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.