വിധിയെ സ്വാഗതം ചെയ്ത് അഡ്വ: സെബാസ്റ്റ്യന്‍ പോള്‍, ജാമ്യം ലഭിച്ചതില്‍ ആഹ്ലാദിക്കാനൊന്നും താനില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനേ സ്വാഗതം ചെയ്ത് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നു പറഞ്ഞ അദ്ദേഹം നടനു ജാമ്യം ലഭിച്ചതില്‍ ആഹ്ലാദിക്കാനൊന്നും താനില്ലെന്നും വ്യക്തമാക്കി.

ഒരു കേസില്‍പ്പെട്ട വ്യക്തിക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ലഭിക്കാന്‍ ദിലീപിനും അര്‍ഹതയുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം പുറത്തിറങ്ങി വിചാരണയെ നേരിടട്ടെയെന്നും, നടന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

നേരത്തെ സൗത്ത് ലൈവില്‍ ‘സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടോടെ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥാപനത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്നതിന് അത് കാരണമാകുകയും ചെയ്തിരുന്നു.