അഗസ്ത വെസ്റ്റ് ലാന്‍ഡ് :എസ്പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സി.ബി.ഐ. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗി കൈക്കൂലി വാങ്ങിയതായി പരാമര്‍ശമുള്ളത്.
3,727 കോടി രൂപയുടെ ഇടപാടില്‍, ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ്.പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗൂഡാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ.എസ് ഗുജറാളിനും പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്‌കെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ചില അഗസ്ത വെസ്റ്റ്ലാന്‍ഡ് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.
ഹെലിക്കോപ്പ്റ്റര്‍ ഇടപാടില്‍, വ്യോമസേനാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള തന്റെ സ്വാധീനം അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയ്ക്ക് അനുകൂലമായിഎസ്.പി ത്യാഗി ഉപയോഗിച്ചതായി സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരടക്കം 13 പ്രതികള്‍കൂടിയുണ്ട്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലന്‍ഡ്. 12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ചിരുന്നു. ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.