അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം ; ശിക്ഷ മരവിപ്പിച്ചു ഹൈക്കോടതി വിധി
വിവാദമായ അഭയാ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി. വിചാരണക്കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അഞ്ചു ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അര്‍ഹരാണെന്നും പ്രതികള്‍ വാദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
1992 മാര്‍ച്ച് 27നാണു കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍ 23ന് കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതായിരുന്നു വിധി. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.