നീറ്റ് ചോര്‍ത്തിയത് മൂന്ന് ‘മനീഷ’മാര്‍: പുറത്തു വരുന്നത് മഹാരാഷ്ട്രയിലെ വമ്പന്‍ ശൃംഖല
ന്യൂഡല്‍ഹി/പൂനെ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ് നടന്നിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരേ ആദ്യപേരുള്ള (മനീഷ) മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. രാജ്യവ്യാപകമായി വന്‍ ജനരോഷത്തിന് കാരണമായ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
മേയ് 14-നാണ് 46 കാരിയായ ബ്യൂട്ടീഷ്യന്‍ മനീഷ വാഗ്മരെയെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ മനീഷ മന്ധാരെയുമായി വിദ്യാര്‍ത്ഥികളെ ബന്ധിപ്പിച്ച പ്രധാന കണ്ണി എന്നാണ് സിബിഐ ഇവരെ വിശേഷിപ്പിച്ചത്. രണ്ടുപേരും പൂനെയിലെ ഒരേ ഹൗസിങ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. മനീഷ വാഗ്മരെ മറ്റൊരു പ്രതിയായ ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ചോദ്യപേപ്പര്‍ നല്‍കിയതായും ആരോപണമുണ്ട്.
കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ ‘മനീഷ’യായ മനീഷ മന്ധാരെ, പൂനെ മോഡേണ്‍ ജൂനിയര്‍ കോളേജ് ഓഫ് സയന്‍സ്, ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സിലെ സീനിയര്‍ ബയോളജി അധ്യാപികയായിരുന്നു. 2002 മുതല്‍ ഈ കോളേജില്‍ ജോലി ചെയ്യുന്ന ഇവരെ നീറ്റ്-യുജി പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരു സബ്ജക്ട് വിദഗ്ധയായി നിയമിച്ചിരുന്നു. മേയ് 16-നാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. മനീഷ മന്ധാരെ തന്റെ വീട്ടില്‍ പ്രത്യേക കോച്ചിങ് ക്ലാസുകള്‍ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. ഈ ക്ലാസുകള്‍ക്കിടയില്‍, നീറ്റ്-യുജി പരീക്ഷയിലെ ബോട്ടണി, സുവോളജി പേപ്പറുകളില്‍ നിന്നുള്ള നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
ഈ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ ‘മനീഷ’, പൂനെ ബുധ്വാര്‍ പേട്ടിലെ സേത്ത് ഹീരാലാല്‍ സറഫ് പ്രശാലയിലെ പ്രിന്‍സിപ്പലായ മനീഷ ഹവാല്‍ദാര്‍ ആണ്. 1992-ല്‍ സ്‌കൂളില്‍ ചേര്‍ന്ന ഈ ഫിസിക്‌സ് അധ്യാപിക, രണ്ടുമാസത്തിനുള്ളില്‍ വിരമിക്കാനിരിക്കെയാണ് മേയ് 22-ന് സിബിഐയുടെ പിടിയിലാകുന്നത്. എന്‍ടിഎ മനീഷ ഹവാല്‍ദാറിനെയും ഒരു വിദഗ്ധയായി നിയമിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് നീറ്റ്-യുജി ഫിസിക്‌സ് ചോദ്യപേപ്പറുകളിലേക്ക് പ്രവേശനമുണ്ടായിരുന്നു. ഫിസിക്‌സ് പേപ്പറിലെ ചോദ്യങ്ങള്‍ ഇവര്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
മേയ് 3-ന് 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ്-യുജി പരീക്ഷ മേയ് 12-ന് എന്‍ടിഎ റദ്ദാക്കി. പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഗസ് പേപ്പറുകളും ചോദ്യപേപ്പറും തമ്മില്‍ സാമ്യമുണ്ടെന്ന് ഏജന്‍സി സ്ഥിരീകരിച്ചു. പരീക്ഷ റദ്ദാക്കിയത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി; തങ്ങളുടെ കഠിനാധ്വാനം വെറുതെയായെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. അന്വേഷണം സിബിഐക്ക് കൈമാറുകയും, ഇതുവരെ മഹാരാഷ്ട്രയില്‍ നിന്നുള്ള ഭൂരിഭാഗം പേരുള്‍പ്പെടെ 10 പ്രതികളെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ കേസില്‍ ആദ്യമായി അറസ്റ്റിലായത് നാസിക്കില്‍ നിന്നുള്ള ശുഭം ഖൈര്‍നാര്‍ ആയിരുന്നു. 27-കാരനായ ഇയാള്‍ 10 ലക്ഷം രൂപയ്ക്ക് ചോദ്യപ്പേപ്പര്‍ വാങ്ങി, ഒരു കോപ്പിക്ക് 15 ലക്ഷം രൂപ നിരക്കില്‍ വിറ്റതിനാണ് അറസ്റ്റിലായത്. നാസിക്കില്‍ ഒരു മെഡിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്ന ഖൈര്‍നാര്‍, ബിഎഎംഎസ് ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും ‘ഡോക്ടര്‍’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന് സര്‍വ്വകലാശാല വ്യക്തമാക്കുന്നു.
അഹില്യാനഗറില്‍ നിന്നുള്ള 30 കാരനായ ആയുര്‍വേദ ഡോക്ടര്‍ ധനഞ്ജയ് ലോധണ്ഡെയാണ് മറ്റൊരു പ്രതി. മനീഷ വാഗ്മാരെയില്‍ നിന്ന് ലഭിച്ച ചോദ്യപ്പേപ്പര്‍ ലോഖണ്ഡെ ഖൈര്‍നാറിന് കൈമാറിയതായി സിബിഐ അറിയിച്ചു. ലാത്തൂരിലെ ദയാനന്ദ് സയന്‍സ് കോളേജില്‍ (ജൂനിയര്‍) നിന്ന് വിരമിച്ച രസതന്ത്രം അധ്യാപകനായ പ്രഹ്ലാദ് വിഠല്‍ കുല്‍ക്കര്‍ണി, പൂനെയിലെ തന്റെ വീട്ടില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും, ചോര്‍ന്ന ചോദ്യപ്പേപ്പറിലെ വിവരങ്ങള്‍ അവിടെ വെച്ച് പഠിപ്പിക്കുകയും ചെയ്തുവെന്നാണ് സിബിഐ പറയുന്നത്.
മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘രേണുകായ് കോച്ചിങ് സെന്ററിന്റെ’ സ്ഥാപകനായ ശിവരാജ് മൊട്ടേഗാവങ്കര്‍ ആണ് അറസ്റ്റിലായ മറ്റൊരു പ്രതി. മൊട്ടേഗാവങ്കറിന് പി.വി.കുല്‍ക്കര്‍ണിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് സിബിഐ ആരോപിക്കുന്നത്. ഇയാളുടെ സ്ഥാപനത്തിലും വീട്ടിലും നടത്തിയ തിരച്ചിലില്‍, നീറ്റ് പരീക്ഷയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ അടങ്ങിയ ഒരു കെമിസ്ട്രി ക്വസ്റ്റ്യന്‍ ബാങ്ക് കണ്ടെടുത്തിരുന്നു.
1999-ലാണ് മൊട്ടേഗാവങ്കര്‍ തന്റെ കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നത്. കുല്‍ക്കര്‍ണി കുറച്ചുകാലം ഇയാളുടെ കോച്ചിങ് സെന്ററില്‍ പഠിപ്പിച്ചിട്ടുമുണ്ട്. കൂടാതെ, മൊട്ടേഗാവങ്കറിന്റെ മകന്‍ മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷ എഴുതിയിരുന്നു. ഇയാളുടെ ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.








