നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് എവിടെയായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ദിലീപിന്റെ’ദൃശ്യം’മോഡല്‍ നമ്പറെന്ന് പോലീസ്

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി ബാധിച്ച് ആശുപത്രിയില്‍ ആയിരുന്നുവെന്നത്തിന്റെ തെളിവിനായി നടന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി എന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ ദിലീപ് അസുഖ ബാധിതനായിരുന്നു എന്നത് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് ദിലീപിന്റെ ഫാന്‍സ് രംഗത്തെത്തി.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു എന്ന ദിലീപിന്റെ മൊഴികളും അതു തെളിയിക്കുന്ന രേഖകളും വ്യാജമാണെന്ന പോലീസിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് ആധാരം. എന്നാല്‍ ദിലീപ് ഫെബ്രുവരി 14 മുതല്‍ 18വരെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് ദിലീപിനെ ചികിത്സിച്ച ഡോ.ഹൈദര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു.പോലീസിന്റെ വെളിപ്പെടുത്തലിനു വിരുദ്ധമായാണ് ദിലീപിനെ ചികില്‍സിച്ച ഡോക്ടര്‍ രംഗത്തെത്തിയത്.

രാമലീലയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരിക്കേ വൈറല്‍ പനി ബാധിച്ച് അവശനിലയില്‍ കുഴഞ്ഞുവീണ താന്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ദിലീപ് പറയുന്നു. എന്നാല്‍ പനിയാണെന്ന് പറയുന്ന ദിലീപ് രാത്രി വൈകിയും പലരുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, ദിലീപിന് പനിയാണെന്നും ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും വ്യക്തമാക്കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് ഫാന്‍സ് പുറത്തുവിട്ടത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്.

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് കോതമംഗലത്ത് ഒരു വീടിന്റെ താക്കോല്‍ ദാനചടങ്ങില്‍ ദിലീപ് പങ്കെടുക്കേണ്ടിയിരുന്നു. അവിടെ ദിലീപ് എത്തിയിരുന്നില്ല. അന്നത്തെ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശിക ചാനലായ ?’കെസിവി ന്യുസിന്റെ’ ദൃശ്യങ്ങളാണ് ഒരു വീഡിയോ ദൃശ്യം. ദിലീപിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്‍കിയതിന്റെ താക്കോല്‍ദാനമായിരുന്നു ദിലീപ് നടത്തേണ്ടിയിരുന്നത്.


എന്നാല്‍ ദിലീപിന് വരാന്‍ കഴിയാത്തതിനാല്‍ കലാഭവന്‍ ഷാജോണും ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ നായകന്‍ വിഷ്ണുവുമാണ് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചത്. രാമലീലയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നു തങ്ങള്‍ എന്നും ദിലീപിന് അസുഖമായതോടെ ഷൂട്ടിംഗ് ആറേഴ് ദിവസമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചടങ്ങിനിടെ ഷാജോണ്‍ പറയുന്നുണ്ട്. തനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പകരക്കാരനായി പോകണമെന്ന് തന്നോട് ദിലീപ് പറഞ്ഞതായും ഷാജോണ്‍ പറയുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുമുണ്ട്.

എന്നാല്‍ ദിലീപ് ‘ദൃശ്യം’ മോഡലില്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നാണ് പോലീസിന്റെ ഭാഷ്യം. ആശുപത്രി പ്രവേശനവും അതിന്റെ രേഖകളും എല്ലാം പള്‍സര്‍ സുനി നടിയെ ആക്രമിക്കുമെന്ന് അറിഞ്ഞുകൊണ്ടു ദിലീപ് ഉണ്ടാക്കിയതാണെന്നാണ് പോലീസ് പറയുന്നത്.